കൊച്ചിയിൽ ശക്തമായ കാറ്റും മഴയും; കനത്ത നാശനഷ്ടം; വീടിന്റെ മേൽക്കൂര തകർന്നു
Nov 11, 2023, 11:13 IST
കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ കനത്ത നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കാക്കനാട് മേഖലയിലാണ് വ്യാപകമായ നഷ്ടങ്ങളുണ്ടായിരിക്കുന്നത്. തുതിയൂരിലെ ചില വീടുകളുടെ മേൽക്കൂര തകർന്നു. വിവിധ പ്രദേശങ്ങളിൽ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.
കാക്കനാട് മേഖലയിലെ ഇൻഫോപാർക്ക്, തുതിയൂർ, ചിറ്റയത്തുകര എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുന്നത്. പത്ത് മിനിറ്റോളം പ്രദേശത്ത് കാറ്റ് വീശിയടിച്ചു. മരങ്ങളും കടപുഴകി വീണിട്ടുണ്ട്. അതേസമയം, അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.