യുഎഇയിൽ കനത്ത മഴ; ഷൗക്കയിൽ റെക്കോർഡ് മഴ ലഭിച്ചു
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് മിതമായതും ശക്തവുമായ മഴ ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് റസൽഖൈമയിലെ ഷൗക്കയിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഇവിടെ 77.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ഷാർജയിലെ കൽബയിൽ 65.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിന് പിന്നാലെ റസൽഖൈമയിലെ ഉം അൽ ഗാഫ് (60.6 mm), ഫുജൈറയിലെ വാദി അൽ തുവൈ (57.2 mm), ഷാർജയിലെ അൽ ദൈദ് (53.9 mm) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. വടക്കൻ എമിറേറ്റുകളിലാണ് മഴയുടെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത്.
വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്.