'രാത്രിയിൽ വാതിലിൽ ശക്തിയായി ഇടിക്കും, മാതാപിതാക്കൾക്കൊപ്പമാണ് ഷൂട്ടിങിനെത്തുന്നത്'; ഹോട്ടൽമുറിയിൽ കഴിയാൻ ഭയമാണെന്ന് നടിമാരുടെ മൊഴി

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. 

പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കിൽ, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു

ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ല.