ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണം സി.ബി.ഐക്ക് വിടണം, ഹൈക്കോടതിയിൽ ഹർജി

 
hc kerala

 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണവും സി ബി ഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണം. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിർമാണം വേണം. കേസുകൾ  കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുളളത്. അഭിഭാഷകരായ എ ജന്നത്ത്, അമ്യത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.