കോഴ വാങ്ങിയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിൻറെ ഹർജി ഹൈക്കോടതി തീർപ്പാക്കി
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. അന്തിമ റിപ്പോർട്ട് 2 മാസത്തിനുള്ളിൽ പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. അന്തിമ റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി പറഞ്ഞു.
കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.