ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവം; സർക്കാർ ഉറക്കത്തിൽ; രാഹുൽ ഗാന്ധി
ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നു എന്ന് ആരോപിച്ച രാഹുൽ ഗാന്ധി അക്രമകാരികളെ അവർ സംരക്ഷിക്കുന്നു എന്നും കുറ്റപ്പെടുത്തി. ഈ ഗൂഢാലോചനക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയുടെ അടയാളമാണ് അദ്ദേഹത്തിന്റെ മൗനം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ബിഹാറിൽ മഹാ ദളിത് വിഭാഗത്തിൽ പെട്ട കുടുംബങ്ങളുടെ നൂറോളം വീടുകൾക്കാണ് ഗുണ്ടകൾ തീവെച്ചത്. നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീടുകൾക്ക് നേരെ വെടിയുതിർത്ത ഗുണ്ടകൾ പിന്നീട് തീ വെക്കുകയായിരുന്നു. അക്രമത്തിൽ നിരവധി വളർത്തു മൃഗങ്ങൾ ചത്തു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പ്രതികളിൽ ചിലരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സ്ഥലത്ത് വൻ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.