ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

 

ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന  പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദ്ദേശം നൽകിയത്.നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് പരിഗണിക്കും.പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ്  ഗുരുതര ചികിത്സാ പിഴവുണ്ടായത്.  

കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്,  തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സക്ക്  വിധേയയായത്. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്.തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ്  പരാതി.നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഷീബ.  പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം ഷീബയ്ക്ക് ഒടുവില്‍ ആശ്വാസം. പത്തനാപുരം എം.എൽ.എ കെ ബി ഗണേഷ്‌കുമാർ വിഷയം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തത്. തുടർ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം രാവിലെ ഷീബയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് രണ്ടു ദിവസം ആയിട്ടും  ഫോൺ  ചെയ്ത് പോലും ഉദ്യോഗസ്ഥരാരും വിവരം തിരക്കിയില്ല എന്ന് ഷീബ പറയുന്നുയുവതിക്ക് ചികിത്സ നൽകുന്നതിൽ സർക്കാർ ഡോക്ടർമാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും കെബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു..