വീട്ടിൽ പാർക്ക് ചെയ്ത വാഹനത്തിന് പിഴ ഈടാക്കി; ട്രാഫിക് പൊലീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

 

അകാരണമായി പിഴ ഈടാക്കിയെന്ന പരാതിയെ തുടർന്ന് ട്രാഫിക് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ ഈടാക്കിയതിനെതിരെ നേമം സ്വദേശിയായ അനിലാണ് പരാതി നൽകിയത്. തുടർന്നാണ് സംഭവത്തിൽ നാലാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയത്. 

ഏപ്രിൽ നാലിനായിരുന്നു ഗതാഗത നിയമം ലംഘിച്ചെന്ന പേരിൽ അനിലിന് ഫോണിൽ സന്ദേശം ലഭിച്ചത്. പേരൂർക്കട റോഡിലൂടെ പിന്നിലിരിക്കുന്ന ആളിന് ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചെന്ന് കാണിച്ചായിരുന്നു പിഴ ഈടാക്കിയത്. എന്നാൽ പിഴ നടന്നെന്ന് പറയുന്ന ദിവസം വാഹനം വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വാഹനവുമായി പുറത്ത് സഞ്ചരിച്ചിട്ടിലായിരുന്നു. 

ഇത് കൂടാതെ പിഴ അടയ്ക്കാനുള്ള നോട്ടീസിലുള്ളത് നമ്പർ വ്യക്തമല്ലാത്ത മറ്റൊരു വാഹനമാണെന്നും പരാതിക്കാരൻ ആരോപിച്ചു. തെറ്റായ ചെല്ലാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അനിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.