മദർതെരേസ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെയും കയ്യാമംവച്ചേനെ; കന്യാസ്ത്രീകളെ ജയിലിൽ എത്തി കണ്ട് ഇടതുസംഘം

 

ഛത്തീസ്ഗഢിൽ റിമാൻഡിലായ മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ ഇടത് പ്രതിനിധി സംഘം ദുർഗ് ജില്ലാ ജയിലിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയാണ് സിപിഎം നേതാവ് വൃന്ദാ കാരാട്ട്, സിപിഐ നേതാവ് ആനി രാജ, എം.പി.മാരായ ജോസ് കെ. മാണി, പി.പി. സുനീർ, എ.എ. റഹീം, കെ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം കന്യാസ്ത്രീകളെ കണ്ടത്. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ പൂർണമായും നിരപരാധികളാണെന്നും അവർക്കെതിരായ എഫ്ഐആർ പിൻവലിക്കണമെന്നും സന്ദർശനശേഷം വൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും, തറയിൽ കിടന്നുറങ്ങേണ്ടി വന്നതിനാൽ ആരോഗ്യം മോശമായെന്നും അവർ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നും, പോലീസിന്റെ മുന്നിലിട്ട് മർദിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും വൃന്ദാ കാരാട്ട് ആരോപിച്ചു. 'ഞങ്ങൾ ഇന്ത്യയിലെ പൗരന്മാരല്ലേ' എന്ന് കന്യാസ്ത്രീകൾ ചോദിച്ചതായും, നിയമം കൈയിലെടുത്തവരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്(എം) അധ്യക്ഷൻ ജോസ് കെ. മാണി എം.പി.യും കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദാക്കി ഭരണകൂടം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ ദുർഗിലെത്തിയ സംഘത്തിന് അന്ന് കന്യാസ്ത്രീകളെ കാണാൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് കന്യാസ്ത്രീകളെയും അവരോടൊപ്പം അറസ്റ്റിലായ ആദിവാസിയെയും സന്ദർശിച്ചത്. 'വലിയൊരു അനീതിയാണ് ഇത്. അനീതി നടത്തിയത് ആൾക്കൂട്ടമല്ല, ഇവിടത്തെ ഭരണകൂടമാണ്. ഇത് രാഷ്ട്രീയപ്രേരിതമായ കേസാണ്,' ജോസ് കെ. മാണി പറഞ്ഞു. കന്യാസ്ത്രീകൾ വൈകാരികമായാണ് സംസാരിച്ചതെന്നും, ദേഹോപദ്രവത്തേക്കാൾ വാക്കുകൾകൊണ്ട് വലിയ അപമാനം നേരിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവസ്ത്രം ധരിച്ച് ഇന്ന് രാജ്യത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും, ഭരണകൂടം അവരെ സംശയത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ പ്രവർത്തിച്ചവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ അൽഫോൺസാമ്മയുടെയും മദർ തെരേസയുടെയും പിന്തുടർച്ചയാണ് അവർ ചെയ്യുന്നതെന്നും, മദർ തെരേസ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവരെയും ഭരണകൂടം അറസ്റ്റ് ചെയ്‌തേനെ എന്നും ജോസ് കെ. മാണി പറഞ്ഞു. ഇത് ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ബിജെപി പ്രസിഡന്റ് തന്നെ കന്യാസ്ത്രീകൾ മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് പറഞ്ഞിരിക്കെ, എന്തിനാണ് ഈ കുറ്റം ചുമത്തിയതെന്ന് ജോസ് കെ. മാണി ചോദിച്ചു. എഫ്ഐആർ റദ്ദാക്കി ഭരണകൂടം മാപ്പ് പറയണമെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇവർ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അത് ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു. ഇന്ന്‌ ഇവരുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിക്കും.