ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാൻ; ജയിൽ മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി അഡിയാല ജയിൽ അധികൃതർ
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‌രീകെ ഇൻസാഫ് പാർട്ടി സ്ഥാപകനുമായ ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് അഡിയാല ജയിൽ അധികൃതർ അറിയിച്ചു. ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അധികൃതർ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഇമ്രാനെ അഡിയാല ജയിലിൽ നിന്ന് മാറ്റിയതായുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം ഇപ്പോഴും അഡിയാലയിൽത്തന്നെ തുടരുകയാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ആവശ്യമായ എല്ലാ ചികിത്സകളും ജയിലിൽ നൽകുന്നുണ്ട്. ജയിൽ മാറ്റം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചതായി നേരത്തെ പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ കാണാൻ അനുമതി തേടി സഹോദരിമാരും തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഈ സംഭവങ്ങളെ തുടർന്നാണ് ജയിൽ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 2023 ഓഗസ്റ്റിലാണ് ഇമ്രാൻ ഖാനെ ജയിലിലടച്ചത്.