ഖമനേയിയുടെ നിര്യാണത്തിൽ ഒടുവിൽ ഇന്ത്യ പ്രതികരിച്ചു; ഇറാൻ എംബസി സന്ദർശിച്ച് വിദേശകാര്യ സെക്രട്ടറി

 

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി നേരിട്ട് സന്ദർശിച്ചാണ് ഇന്ത്യയുടെ ആദരവും ദുഃഖവും അറിയിച്ചത്. എംബസിയിലെ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിട്ടു.

ഇറാൻ യുദ്ധക്കപ്പൽ തകർക്കപ്പെട്ട സംഭവത്തിലും ഖമനേയിയുടെ വധത്തിലും ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രാജ്യത്ത് രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം കേന്ദ്ര സർക്കാർ പണയപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചിരുന്നു.

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഈ ഔദ്യോഗിക പ്രതികരണം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടും. ഇറാന്റെ പരമോന്നത നേതൃത്വത്തിന് നേരിട്ട ആഘാതത്തിൽ ഇന്ത്യ തങ്ങളുടെ അനുശോചനം അറിയിച്ചതോടെ നയതന്ത്ര തലത്തിലുള്ള മൗനം ഒടുവിൽ അവസാനിച്ചിരിക്കുകയാണ്.