ലഹരിക്ക് അടിമയായവരെ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്; ഡിജിപിയുടെ സർക്കുലർ

 

ലഹരിക്ക് അടിമയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ കസ്റ്റഡിയിൽ എടുത്തു നേരിട്ടു സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ. കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്എച്ച്ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം ജില്ലകളിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചു പൊലീസ് ആസ്ഥാനത്തെ എഐജി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ സർക്കുലർ പുറത്തിറക്കിയത്.

ഡോക്ടർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിൽ ഒഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്നു പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വയ്ക്കരുത്.

പൊലീസ് നടപടി വിഡിയോയിൽ ചിത്രീകരിക്കണം. അക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. ആൽക്കോമീറ്റർ, കൈവിലങ്ങുകൾ, ഹെൽമറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാധ്യത എന്നിവ ഉൾപ്പെടെ ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.