ഇസ്രായേൽ വീണ്ടും ആക്രമിച്ചാൽ പുതിയ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ

 

ഇസ്രായേൽ വീണ്ടും ആക്രമിച്ചാൽ പുതിയ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ. പ്രതിരോധ മന്ത്രി അസീസ് നാസിർസാദെയുടെതാണ് മുന്നറിയിപ്പ്. ഇസ്രായേൽ നടത്തുന്ന ഏതൊരു ആക്രമണത്തിനും തിരിച്ചടിക്കാൻ തയ്യാറാണ്. 12 ദിവസത്തെ സംഘർഷത്തിൽ ഉപയോഗിച്ചതിനേക്കാൾ മാരക ശേഷിയുള്ളതും പുതുതായി വികസിപ്പിച്ച മിസൈലുകൾ ഉപയോഗിച്ചായിരിക്കും പ്രതികരണമെന്നും ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു.

'12 ദിവസത്തെ സംഘർഷത്തിൽ ഉപയോഗിച്ച മിസൈലുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്, എന്നാൽ അതിനേക്കാൾ മികച്ച ശേഷിയുള്ള മിസൈലുകൾ ഇന്ന് നിർമ്മിച്ചിട്ടുണ്ട്. ഇസ്രായേൽ വീണ്ടും 'സാഹസത്തിന് മുതിർന്നാൽ' , തീർച്ചയായും ഞങ്ങളത് പ്രയോഗിക്കും'- അസീസ് നാസിർസാദെ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നൽകി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ഇസ്രായേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാൻ ശക്തമായ ആക്രമണം നടത്തി

ഇതിനിടെ അമേരിക്കയും ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ പങ്കാളികളായി. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഖത്തറിലടക്കമുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യംവെക്കുകയും ചെയ്തു. പിന്നാലെ സംഘർഷത്തിന് വിരാമമാകുകയായിരുന്നു.