ഫലപ്രഖ്യാപനത്തിന് ശേഷം മാര്‍ക്ക് തിരുത്തി; കാലിക്കറ്റ് സർവകലാശാലയിൽ ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേടെന്ന് കണ്ടെത്തല്‍

 

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി  43 പേരുടെ ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഇതിനു പുറമേ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവങ്ങളില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഓഡിറ്റ് വിഭാഗം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഓഡിറ്റിലാണ് ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിലുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 2020-2021 അധ്യയന വര്‍ഷത്തെ സിന്‍റിക്കേറ്റ് പരീക്ഷാ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ മിനുട്സുള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷവും തിരുത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്.

ഇത് സര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് സര്‍വകലാശാലായിലെ ഹാന്‍ര് ബുക്ക് ഓഫ് എക്സാമിനേഷന്‍ പ്രകാരം ഇന്റേണല്‍ മാര്‍ക്ക് കോളേജ് നോട്ടീസില്‍ പ്രിന്‍സിപ്പല്‍ ,വകുപ്പ് മേധാവി. ബന്ധപ്പെട്ട ടീച്ചര്‍ എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടെ പ്രസിദ്ധീകരിക്കേണ്ടതാണ്. മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥകള്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതി സമര്‍പ്പിക്കാനുള്ള സമയം. 

പരാതികള്‍ വന്നില്ലെങ്കില്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത ശേഷം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അയക്കണം. ഫലം പ്രഖ്യാപിച്ച ശേഷം മാര്‍ക്കില്‍ തിരുത്തല്‍വരുത്തുന്നത് അനുവദനീയമല്ലെന്നും ഹാന്‍റ് ബുക്കില്‍ വ്യക്തമായി പറയുന്നുണ്ട്. ചട്ടവിരുദ്ധമായി 2020-21 അധ്യയന വര്‍ഷം 200 വിദ്യാര്‍ത്ഥികള്‍ക്ക് ചട്ടവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അനര്‍ഹമായി ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്ന തീരുമാനം പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. 

ഇതിനു പുറമേ 2020-21 അധ്യയന വര്‍ഷത്തില്‍ അമ്പതിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറുകള്‍ സര്‍വകലാശാലയില്‍ നിന്നും കാണാതായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നത് കൂട്ടായ പ്രവര്‍ത്തനമായതിനാല്‍ വീഴ്ചയുടെ ഉത്തരവാദികളാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരീക്ഷാ വിഭാഗം മറുപടി നല്‍കിയിരുന്നു. ഈ മറുപടി തൃപ്തികരമല്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.