ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തി 

 

ഒരു മാസം നീണ്ട യുദ്ധത്തിനിടെ ഇസ്രയേലും ഹമാസും  താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി റിപ്പോർട്ട്. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേള ഉറപ്പാക്കുന്നതിനുമായാണ് കരാര്‍.

അതേസമയം ഗാസയില്‍ ഇസ്രായേല്‍ സേന നടത്തുന്ന കര ആക്രമണം നിര്‍ത്തിവെക്കുന്നതിന് പകരമായി ബന്ദികളെ ഓരോ 24 മണിക്കൂറിലും ചെറിയ ബാച്ചുകളായി മോചിപ്പിക്കും എന്ന റിപ്പോർട്ടുകൾ ഉണ്ട്. ആറ് പേജുള്ള കരാറാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദോഹയില്‍ നടന്ന ചര്‍ച്ചയിൽ ഇസ്രായേല്‍, യുഎസ്, ഹമാസ് എന്നിവര്‍ക്കിടയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഖത്തറില്‍ നിന്നുള്ള മധ്യസ്ഥരാണ് ചർച്ചയ്‌ക്ക് നേതൃത്വം നല്‍കിയത്. ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.