ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, യോഗം വിളിച്ച് യുഎൻ

 

ഇസ്രായേലിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിന്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. 

സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന്  അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം. 

ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുകയാണ്. ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ നിർദേശം. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികൾ പറയുന്നു. 

ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് മേൽ വർഷിച്ചത്. എന്നാൽ, ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും പ്രതികരിച്ചു. അതേസമയം, ഇസ്രയേലിന് കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്ന് ഇറാൻ അവകാശപ്പെട്ടു.