ഇറാന്റെ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്നത് മൂന്ന് പ്രമുഖ നേതാക്കൾ

 

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി നടത്തിയ മിന്നലാക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇറാൻ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തിനിടെ ഇസ്രായേൽ വധിക്കുന്ന മൂന്നാമത്തെ പ്രമുഖ ഇറാനിയൻ നേതാവാണ് ഇസ്മായിൽ ഖത്തീബ്. കഴിഞ്ഞ ദിവസം ഇറാന്റെ സുരക്ഷാ മേധാവി അലി ലാറിജാനിയെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെയും ഇസ്രായേൽ വധിച്ചിരുന്നു. മരങ്ങൾക്കിടയിൽ ഒളിപ്പിച്ച ടെന്റിനുള്ളിൽ കഴിയുമ്പോഴാണ് ഗുലാംറെസ സുലൈമാനി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ നേതൃനിരയിലുണ്ടാകുന്ന ഏറ്റവും വലിയ ആഘാതമാണിത്.

ഷിയാ പുരോഹിതനായ ഇസ്മായിൽ ഖത്തീബ് ഇറാൻ ജുഡീഷ്യറിയിലും ഇന്റലിജൻസ് മന്ത്രാലയത്തിലും നിർണ്ണായക പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായിരുന്ന ഇദ്ദേഹത്തിന് പോരാട്ടത്തിനിടെ പരിക്കേറ്റിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ സൈബർ ആക്രമണങ്ങൾക്കും ചാരപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നാരോപിച്ച് 2022-ൽ യുഎസ് ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അൽബേനിയൻ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്നായിരുന്നു കണ്ടെത്തൽ.