ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും; മുന്നറിയിപ്പുമായി ഇറാൻ

 

ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ. ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ അമേരിക്കയുമായി നിലവിലുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ അറിയിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനനിലെ ജനവാസ മേഖലകൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ പക്ഷം.

ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു ഇസ്രായേൽ ലബനനിൽ കടന്നാക്രമണം നടത്തിയത്. എന്നാൽ ഈ വെടിനിർത്തൽ ലബനന് ബാധകമല്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.

ലബനനിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കരാറിൽ നിന്ന് പിന്മാറാൻ മടിക്കില്ലെന്നും ഇറാനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.