നാസയും ഐഎസ്ആർഒയും ചേർന്ന് നിർമ്മിച്ച നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാറിന്റെ ചരിത്ര വിക്ഷേപണം ജൂലൈ 30ന്
നാസയും ഐഎസ്ആർഒയും ഒത്തുചേർന്ന് നിർമ്മിച്ച ലോകത്തിലെ എറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രങ്ങളിലൊന്നായ NISAR (നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ) വിക്ഷേപണത്തിന് ഒരുങ്ങുന്നു. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകുന്നേരം 5:40ന് എൻ ഐ സാർ ഉപഗ്രഹവും വഹിച്ചുകൊണ്ട് ഇസ്രൊയുടെ ജിഎസ്എൽവി-എഫ്16 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. 2,400 കിലോഗ്രാം ഭാരമുള്ള നൈസാർ കൃത്രിമ ഉപഗ്രഹത്തിൻറെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളിലാണ്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ ഓരോ 12 ദിവസം കൂടുമ്പോഴും രേഖപ്പെടുത്തുന്ന തരത്തിലാണ് നൈസാറിലെ ഉപകരണങ്ങൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ഏത് പ്രതികൂല കാലാവസ്ഥയിലും ഭൗമ നിരീക്ഷണം സാധ്യമാക്കുന്ന അത്യാധുനിക ഉപഗ്രഹമാണ് എൻ ഐ സാർ (NISAR). ഭൂമിയിലെ ചെറിയ മാറ്റങ്ങൾ പോലും പഠിക്കാൻ നൈസാറിലൂടെ സാധിക്കും, കാട്ടുതീകളെയും മണ്ണിടിച്ചിലുകളെയും, ഭൂകമ്പങ്ങളെയും, അഗ്നിപർവ്വത വിസ്ഫോടനങ്ങളെയും പുഴകളുടെ ഒഴുക്കിനെയും, കാടുകളെയും വരെ ഇതുവരെ സാധിക്കാത്ത തരത്തിൽ ഈ ഉപഗ്രഹത്തിലൂടെ നിരീക്ഷിക്കാം. അതുകൊണ്ടുതന്നെ ദുരന്ത നിവാരണത്തിലടക്കം എൻ ഐസാർ മുതൽക്കൂട്ടാകും.
കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന മാറ്റങ്ങളെ അടുത്തറിയാനും സാധിക്കും. കാർഷിക രംഗത്തും ഈ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സഹായകരമാകും. രണ്ട് തരം സാർ ആൻറിനകളുണ്ട് ഉപഗ്രഹത്തിൽ. എൽ ബാൻഡ് റഡാർ നാസയും, എസ് ബാൻഡ് റഡാർ ഐഎസ്ആർഒയുമാണ് നിർമ്മിച്ചത്. ഉപഗ്രഹത്തിൻറെ സാങ്കേതിക ഭാഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന സാറ്റ്‌ലൈറ്റ് ബസും ഇസ്രൊയുടെ വകയാണ്. ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാവും നൈസാർ ഭ്രമണം ചെയ്യുക.
പന്ത്രണ്ട് ദിവസത്തെ ഇടവേളയിൽ ഭൂമിയിലെ എല്ലാ ഇടങ്ങളും നൈസാറിൻറെ റഡാറിൽ പതിയും. ഓരോ ദിവസവും പെറ്റാബൈറ്റ് കണക്കിന് ഡാറ്റയാണ് ഉപഗ്രഹം ഉത്പാദിപ്പിക്കുക. ഈ വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ലഭ്യമാക്കും. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും വിലയേറിയ ഉപഗ്രഹം കൂടിയാണ് എൻഐസാർ. ആകെ ചെലവ് പതിമൂവായിരം കോടിക്കും മുകളിൽ വരും. നിർമ്മാണച്ചെലവ് ഇസ്രൊയും നാസയും പകുതി വീതം വഹിച്ചു. അഞ്ച് വർഷത്തെ ദൗത്യ കാലാവധിയാണ് എൻ ഐ സാറിന് നാസയും ഐഎസ്ആർഒയും നിശ്ചയിച്ചിരിക്കുന്നത്.