ഐഎസ്ആർഒയുടെ  ജിസാറ്റ്- 20  ഉപഗ്രഹം സ്പേസ് എക്‌സ് വിക്ഷേപിക്കും; സ്പേസ് എക്‌സും  ഐഎസ്ആർഒയുമായുള്ള ആദ്യ വാണിജ്യ സഹകരണം 

 

ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹം അടുത്തയാഴ്ച വിക്ഷേപിക്കും. ഇതിനുള്ള കരാർ അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സുമായി ഐഎസ്ആർഒ ഉറപ്പിച്ചു. ഇസ്രൊയും യുഎസ് ആസ്ഥാനമായുള്ള സ്പേസ്‌ എക്‌സും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണമാണിത്. 


അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ കീഴിൽ ഇലോൺ മസ്ക് സുപ്രധാന സ്ഥാനം വഹിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പുതിയ സ്പേസ് എക്‌സും ഐഎസ്ആര്‍ഒയും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവരുന്നത്. കൂടാതെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള കമ്പനിയുമായി രാജ്യം പ്രത്യേക കരാറും ഒപ്പുവച്ചു.

ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും (IFC) മെച്ചപ്പെടുത്തുന്നതിനാണ് GSAT-N2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നിലധികം സ്പോട്ട് ബീമുകളും വൈഡ്ബാൻഡ് Ka x Ka ട്രാൻസ്‌പോണ്ടറുകളും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം, ചെറിയ ഉപയോക്തൃ ടെർമിനലുകളുള്ള ഒരു വലിയ സബ്‌സ്‌ക്രൈബർ ബേസിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒയുടെ ഔദ്യോഗിക റിലീസിലാണ് ഇതേക്കുറിച്ച് വിശദീകരണമുള്ളത്.