ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ജസീറ എയർവേസ്; ഗോവയിലേക്കും മധുരയിലേക്കും പുതിയ റൂട്ടുകൾ
ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയിലേക്കും മധുരയിലേക്കും പുതിയ സർവീസുകൾ ജസീറ എയർവേസ് പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വഴിയാണ് ഈ രണ്ട് പുതിയ റൂട്ടുകളും പ്രവർത്തിക്കുക. ഏപ്രിൽ 15 മുതൽ ഗോവയിലേക്കുള്ള സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ ബുധൻ, വെള്ളി ദിവസങ്ങളിലാകും ഗോവയിലേക്കുള്ള വിമാനങ്ങൾ പറക്കുക. മധുരയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 16 മുതലാണ് തുടങ്ങുന്നത്. വ്യാഴം, ശനി ദിവസങ്ങളിലാകും മധുരയിലേക്കുള്ള യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകുക.
പുതിയ റൂട്ടുകൾ കൂടി നിലവിൽ വരുന്നതോടെ ഇന്ത്യയിലെ 16 പ്രധാന നഗരങ്ങളിലേക്ക് ജസീറ എയർവേസിന് നേരിട്ട് സർവീസുകളുണ്ടാകുമെന്ന് സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി. ദമ്മാം വഴി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനൊപ്പം കുവൈത്തിലേക്കുള്ള അവശ്യ ചരക്ക് നീക്കത്തെ പിന്തുണയ്ക്കാനും ഈ പുതിയ റൂട്ടുകൾ സഹായിക്കും. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചും മികച്ച കണക്റ്റിവിറ്റി നിലനിർത്താനുമുള്ള ജസീറ എയർവേസിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.