കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ആര്‍. ശ്രീലേഖ

 

ജീവിതാന്ത്യം വരെ താൻ ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. താൻ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ വരുന്ന വാർത്തകൾ പൂർണമായും അസംബന്ധമാണെന്ന് അവർ വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായിരുന്ന താൻ തിങ്കളാഴ്ച മുതൽ വീണ്ടും പൊതുസേവനത്തിലേക്ക് സജീവമായി തിരിച്ചെത്തുമെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ അറിയിച്ചു.

ബി.ജെ.പി അംഗത്വം എടുത്തതു മുതൽ മാധ്യമങ്ങളിൽ തനിക്കെതിരെയുളള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും, മോദി ഭക്തയായ താൻ ബി.ജെ.പി വിട്ട് മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. വാർഡിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേയർക്ക് കത്തയച്ചിരുന്നുവെന്നും, ആരോഗ്യപ്രശ്നങ്ങൾ കാരണം കൗൺസിലർ പദവി ഒഴിയാൻ ആലോചിച്ചെങ്കിലും പാർട്ടി ഉന്നത നേതാക്കൾ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.