കോടതി വളപ്പിൽ അറസ്റ്റ് ചെയ്യുന്നതിന് ജഡ്ജിയുടെ അനുമതി നിർബന്ധം: ഹൈക്കോടതി
കോടതി വളപ്പിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ ഇനിമുതൽ ജഡ്ജിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതേസമയം, കോടതി പരിസരത്ത് ഏതെങ്കിലും ഗുരുതരമായ കുറ്റകൃത്യം നടക്കുകയാണെങ്കിൽ പോലീസിന് മുൻകൂർ അനുമതിയില്ലാതെ തന്നെ അറസ്റ്റ് ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ ബലപ്രയോഗം നടത്താനും പോലീസിന് അധികാരമുണ്ട്. എന്നാൽ, ഇങ്ങനെയുള്ള അറസ്റ്റ് നടന്നാൽ ഉടൻ തന്നെ ബന്ധപ്പെട്ട കോടതിയിലെ ജഡ്ജിയെ വിവരമറിയിക്കണം.
ഈ നിർദ്ദേശം ജുഡീഷ്യൽ ക്വാർട്ടേഴ്‌സ് ഒഴികെയുള്ള കോടതിയുടെ എല്ലാ വസ്തുക്കൾക്കും ബാധകമാണ്. കൂടാതെ, കോടതി പ്രവർത്തിക്കുന്ന സമയങ്ങളിൽ മാത്രമാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.സ്വമേധയാ കീഴടങ്ങാൻ വരുന്നവരെയോ, അഭിഭാഷകൻ മുഖേന കീഴടങ്ങാൻ എത്തുന്നവരെയോ അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി തേടണം.എന്നാൽ, ദീർഘകാലം ഒളിവിൽ കഴിഞ്ഞിരുന്ന വാറന്റ് പ്രതികളെ കോടതി വളപ്പിൽ കണ്ടാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ്.ഇത്തരം സാഹചര്യങ്ങളിലും അറസ്റ്റ് ചെയ്ത വിവരം ഉടൻതന്നെ ജഡ്ജിയെ അറിയിക്കണം.
ആലപ്പുഴയിലെ രാമങ്കരി കോടതിയിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ ഈ ഹർജി പരിഗണിച്ചത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.