ബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; ആശുപത്രി തകർത്തതത് ബി.ജെ.പിക്കാരെന്ന് മമത, ഡോക്ടർമാർ സമരം അവസാനിപ്പിക്കണം
പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ ആരോപണം. ഡോക്ടർമാർ സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇന്നലെ അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികൾ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകർത്ത അക്രമികൾ ഡോക്ടർമാരുൾപ്പടെ സമരം ചെയ്യുന്നവരെ മർദിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കം പൂർണമായും അക്രമികൾ തകർത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.
അക്രമികൾ മമത ബാനർജിയുടെ ഗുണ്ടകളാണെന്നും തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപി ആരോപിച്ചു.