ജൂനിയർ ഡോക്ടർ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവം; രാജ്യമാകെ കനത്ത പ്രതിഷേധം തുടരുന്നു; സാഥി പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ
ജൂനിയർ ഡോക്ടർ ബലാത്സംഗത്തിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. കൊൽക്കത്തയിൽ അർധ രാത്രിയും വൻ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെ, മമത സർക്കാർ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു.
വനിത ഡോക്ടർമാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടർമാർക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും ബംഗാൾ സർക്കാർ നിർദ്ദേശം നൽകി. ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കാനും തീരമാനിച്ചിട്ടുണ്ട്. പൊലീസുമായി എളുപ്പത്തിൽ ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ ആപ്പും മമത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ജൂനിയർ ഡോക്ടറുടെ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിയുടെ നാർക്കോ അനാലിസിസ് പരിശോധന നടത്താ സി ബി ഐ തീരുമാനിച്ചു. ഇതിനായി ദില്ലിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തിയിൽ എത്തിയിട്ടുണ്ട്.
അതേസമയം ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഡോക്ടർമാരുടെ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും സന്ദീപ് ഘോഷിനെ മാറ്റി നിർത്തുന്നുവെന്ന് ഡോക്ടർമാരുടെ സംഘടനയായ പശ്ചിമ ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ വ്യക്തമാക്കി. സന്ദീപ് ഘോഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സ്ഥാനത്തിരിക്കെ ജൂനിയർ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.