'ഷിരൂരിൽ മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമായി ഇതിനെ കാണരുത്'; കെ. മുരളീധരൻ

 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നടക്കുന്ന സ്ഥനത്തേയ്ക്ക് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

'കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തിൽ നിന്നുള്ള മന്ത്രിമാർ പോയിരുന്നെങ്കിൽ ആളുകൾക്ക് വലിയ ആശ്വാസമാകുമായിരുന്നു. സ്ഥലം എംഎൽഎയായ എ.കെ ശശീന്ദ്രൻ ഇപ്പോഴാണ് പോയത്. മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരമാണ്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎൽഎ അവിടെ തുടരുന്നുണ്ട്. തിരച്ചിൽ വൈകിയതിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമായി ഇതിനെ കാണരുത്', കെ. മുരളീധരൻ പറഞ്ഞു.

ദേശീയ പാത നിർമാണത്തിലെ അപാകത കേരളത്തിലും പ്രതിഫലിക്കും. അർജുന്റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ട. സൈബർ അക്രമണം ഉണ്ടാവാൻ പാടില്ലായിരുന്നു. ഉണ്ടായ ദുരന്തത്തേക്കാൻ ഇത്തരം അക്രമണങ്ങൾ വേദനാജനകമാണെന്നും അത്തരക്കാർ ശിക്ഷിക്കപ്പെടണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനുള്ളിലെ തർക്കം സംബന്ധിച്ചും മുരളീധരൻ പ്രതികരിച്ചു. പാർട്ടി വേദിയിൽ പറയുന്നതും പറയാത്തതും വാർത്തയാണ്. സുൽത്താൻ ബത്തേരി ക്യാമ്പിൽ എന്നേക്കുറിച്ച് വരാത്ത ചർച്ചപോലും വാർത്തയായി. ഒറ്റുകാരുടെ റോളിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൽ നടപടി വേണം. ഇത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും. വോട്ടർപട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും നേരത്തെ ചെയ്യണം. തൃശ്ശൂരിൽ സംഭവിച്ചത് ഇനി ഉണ്ടാവാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാടാണ് എനിക്ക് ചുമതല. ഇന്നലെ അത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. പാർട്ടിക്കകത്ത് പറയുന്നത് പുറത്തുവരുന്നത് ഗൗരവമായി എടുക്കണം. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചു. ബിജെപി ജയിച്ച സംസ്ഥാനത്തോടുപോലും നീതികാണിച്ചില്ല. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കോഴിമുട്ട കിട്ടും എന്നുകരുതി. എന്നാൽ ഒരു സീറ്റ് കിട്ടി. തിരിച്ച് നന്ദിയായി ഒരു കോഴിമുട്ട അവർ തന്നുവെന്നും മുരളീധരൻ പരിഹസിച്ചു.