'പെൻഷനിൽ കയ്യിട്ടുവാരുന്നത് ദ്രോഹം; നാടൻ ഭാഷയിൽ അവരെ പെറുക്കികൾ എന്ന് പറയും': കെ മുരളീധരൻ

 

ക്ഷേമ പെൻഷൻ നിയമ വിരുദ്ധമായി കൈപ്പറ്റിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതിൽ കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും. അത് അവർക്ക് കൊടുക്കുന്നവർ അതിലേറെ കഷ്‌ടമാണെന്നും മുരളീധരൻ പറഞ്ഞു.

മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാർ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപ്പൂർവമുള്ള ദ്രോഹമാണ്. സർക്കാർ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം, തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രത്യേക യോഗത്തിൽ സർക്കാർ തീരുമാനിച്ചു. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമ പെൻഷൻ. ജീവിതം വഴിമുട്ടിയവർക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയിൽ നിന്ന് പതിനായിരങ്ങൾ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ കയ്യിട്ടുവാരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.

ധനവകുപ്പിന്റെ നിർദേശത്തിൽ ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്‌തിരുന്നു.