'ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ, രാജിവെച്ചില്ലെങ്കിൽ അടിച്ചുപുറത്താക്കാൻ കേരള ജനത രംഗത്തുവരും'; കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയൻ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ. ഞാൻ, എൻറെ കുടുംബം, എൻറെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയതുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് തൻറെ നാട്ടുകാരനായ പിണറായി വിജയൻ എന്നും കെ സുധാകരൻ പറഞ്ഞു.
പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വെച്ചുകൊണ്ട് ഒരു ദിവസം പോലും ഇനി മുന്നോട്ട് പോകാനാകില്ല. രാജിവെച്ചില്ലെങ്കിൽ പിണറായി വിജയനെ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനത രംഗത്തവരുമെന്നും കെ സുധാകരൻ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു. അഴിമതി നിറഞ്ഞ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണം അവസാനിക്കുന്നതിൻറെ വെപ്രാളം ആണ് മുഖ്യമന്ത്രിക്കെന്നും അപായമണി മുഴങ്ങുന്നത് അദ്ദേഹം അറിയുന്നുണ്ടെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.
ഈ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളത്. ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ആരോപണവും വിഡി സതീശൻ ആവർത്തിച്ചു. തൃശ്ശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വിഡി സതീശൻ ആരോപിച്ചു.