പ്രശ്നങ്ങൾ പരിഹരിച്ചതായി കെ സുധാകരന്‍;  ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിച്ചെന്ന് എം കെ രാഘവൻ 

 

എംപിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി അധികാരം പ്രയോഗിച്ചതല്ല. മറിച്ച് നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. എംപിമാർക്ക് നോട്ടീസ് നൽകിയത് സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ സംസാരിച്ചു. പാർട്ടിയിൽ ഇനി ആഭ്യന്തര പ്രശ്നങ്ങളുണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അത് പറഞ്ഞു തീർക്കും. ഉടനെ തന്നെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുമെന്നും സുധാകരൻ വിശദമാക്കി. 

നേതൃത്വത്തിനുള്ളിലെ പ്രശ്നപരിഹാരത്തിനായി കെ സി വേണുഗോപാൽ വിളിച്ച യോഗത്തിനു ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. യോഗത്തിൽ കനത്ത വാക്പോര് നടന്നെന്നാണ് വിവരം. നോട്ടീസ് നൽകിയത് സംബന്ധിച്ച് വ്യക്തമായ മറുപടി കെ സുധാകരൻ യോഗത്തിൽ നൽകിയിട്ടില്ല. ഇതിനിടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കെ സുധാകരന്റെ നേതൃത്വം ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുകയാണെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.