'ആങ്ങള പറയുമ്പോൾ പെങ്ങൾ മത്സരിക്കുന്ന പാർട്ടിയല്ല ബിജെപി'; പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്ന് സുരേന്ദ്രൻ

 

എസ്എഫ്‌ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എസ്എഫ്‌ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്. ക്യാംപസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം വ്യാപിപ്പിക്കുന്നു. കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അൽപമെങ്കിലും ആത്മാർഥത പിണറായി വിജയനുണ്ടെങ്കിൽ, പ്രിൻസിപ്പലിനെ ആക്രമിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല. തെറ്റു തിരുത്താൻ അവർ തയാറല്ല. മുഹമ്മദ് റിയാസും എം.ബി.രാജേഷും അവസാന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരിക്കും. സിപിഎമ്മിന് ഇനി ഒരു തിരിച്ചുവരവില്ല.

ഉപതിരഞ്ഞെടുപ്പുകളിൽ ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ആങ്ങള പറയുമ്പോൾ പെങ്ങൾ മത്സരിക്കുന്ന പാർട്ടിയല്ല ബിജെപി. വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. അക്കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. വ്യക്തിപരമായ അഭിപ്രായം നോക്കിയല്ല നേരത്തേ വയനാട്ടിൽ മത്സരിച്ചത്. പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കും- സുരേന്ദ്രൻ പറഞ്ഞു.