കെ സുരേന്ദ്രൻ രാജിവെക്കണ്ട, ഇപ്പോഴത്തെ  പ്രശ്നം പരിഹരിക്കും: ബിജെപി കേന്ദ്ര നേതൃത്വം 

 

 

വ്യാപക വിമർശനങ്ങൾക്കിടെയും കെ സുരേന്ദ്രൻ രാജിവെക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വി. മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് പി. കെ കൃഷ്ണദാസ്. ഒരു മുഴം മുമ്പെറിഞ്ഞുള്ള രാജിസന്നദ്ധത കെ സുരേന്ദ്രന് തൽക്കാലം തുണയാകുകയാണ്. പാലക്കാട് തോൽവിയിൽ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ  പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ പ്രതികരണം. വി. മുരളീധരൻ പ്രസിഡണ്ടായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും അധ്യക്ഷന്റെ രാജിയാവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കുത്ത്. പിറവത്ത് കിട്ടിയ വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി മുരളീധരന്റെ ഒറ്റപ്പരാമർശത്തിന് മാത്രമല്ല, സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്കുമെതിരെ കൂടിയാണ്. 

മുരളിക്ക് വീണ്ടും അവസരം വേണമെന്ന നിലപാടിലാണ് പി.കെ കൃഷ്ണദാസ്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാറിയ മുരളീധരൻ അധ്യക്ഷപദം ആഗ്രഹിക്കുന്നുമുണ്ട്. പോര് കൂടുതൽ കടുത്താൽ സുരേന്ദ്രന് ഇപ്പോഴുള്ള ദില്ലിയുടെ പിന്തുണ മാറാം.