ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; ഇന്ന് വൈകീട്ട് കൂത്തമ്പലത്തിൽ മോഹിനിയാട്ടം

 

നർത്തകനും അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിൻറെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. 

ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിൻറെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ. 

അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചത്. 

മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് സത്യഭാമ എന്ന കലാകാരി പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംഗതി വിവാദമായതോടെ മന്ത്രിമാർ അടങ്ങുന്ന പ്രമുഖർ രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കേരള കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളി രാമകൃഷ്ണന് ഐക്യധാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.