കളമശ്ശേരി സ്‌ഫോടന കേസ്;  ഇന്ന് പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്, 4 റിമോട്ടുകൾ കണ്ടെടുത്തു

 

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി  ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. ഇന്നലെ തൃശൂർ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകൾ പൊലീസ് കണ്ടെടുത്തിരുന്നു. നാല് ദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. 

കളമശ്ശേരി സ്‌ഫോടനത്തിന്റെ നിർണായക തെളിവുകൾ ഇന്നലെയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്. ഈ മാസം 15 നാണ് ഡൊമിനിക് മാർട്ടിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്.