കലോത്സവ വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ; പരാതികളില്ലാത്ത മേളയാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

 

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം പൂർണ്ണമായും പരാതിരഹിതമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തൽക്കാൽ നാട്ടിയ ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിനിർണ്ണയത്തിൽ അപാകതകൾ ഉണ്ടാകാതിരിക്കാൻ വിധികർത്താക്കൾ പോലീസിന്റെയും വിജിലൻസിന്റെയും കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിധികർത്താക്കൾ സത്യവാങ്മൂലം നൽകേണ്ടതുണ്ടെന്നും ഇതിൽ നിന്ന് വിപരീതമായി വിധിനിർണ്ണയം നടത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മേളയെ വലിയ ആവേശത്തോടെയാണ് തൃശൂർ സ്വീകരിച്ചിരിക്കുന്നത്. പരാതികൾക്ക് ഇടമില്ലാത്ത വിധം എല്ലാ ജാഗ്രതയും പാലിച്ചുകൊണ്ടായിരിക്കും കലോത്സവം നടത്തുക.

ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. 25 വേദികളിലായി 249 മത്സര ഇനങ്ങളിൽ 14,000-ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വിധിനിർണ്ണയത്തിനായി നാനൂറോളം വിധികർത്താക്കളുണ്ടാകും. ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.