ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച സംഭവം; രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റ്, ന്യായികരിച്ച് സി.പി.ഐ.എം 

 

 

ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ശരണ്‍ ചന്ദ്രന്‍ സാമൂഹിക വിരുദ്ധനല്ലെന്നും നിലവിലെ കേസുകള്‍ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉള്ളതാണെന്നും ഉദയഭാനു പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണെന്നും കേസെടുത്തതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും കെ പി ഉദയഭാനു വിശദീകരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി ജില്ലാ നേതൃത്വവും മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കേസില്‍പ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരണ്‍ ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന താക്കീത് നല്‍കിയായിരുന്നു ശരണിനെ വിട്ടയച്ചത്. ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ശരണ്‍ ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില്‍ മലയാലപ്പുഴ പൊലീസ് ശരണ്‍ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.