കർണാടകയിൽ പോളിങ് ആരംഭിച്ചു; കർശന സുരക്ഷ

 

കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2615 സ്ഥാനാർഥികളുടെ വിധി നിർണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണു ബൂത്തിലെത്തുന്നത്. സുരക്ഷയ്ക്കായി എൺപത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിർത്തികളിൽ കനത്ത ബന്തവസ് ഏർപ്പെടുത്തി. അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാണ്. 

ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ. 80 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി. എന്നാൽ, ബെംഗളൂരു നഗരത്തിലുൾപ്പെടെ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയുയർത്തിയിട്ടുണ്ട്.