അഭിരാമിയുടെ ആത്മഹത്യ; ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല, കാരണം വിശദമായി അന്വേഷിക്കണമെന്ന് കേരള ബാങ്ക് പ്രസിഡന്റ്

 


ജപ്തി നോട്ടീസിനെ തുടര്‍ന്നുള്ള ആത്മഹത്യയില്‍ വിശദീകരണവുമായി കേരള ബാങ്ക് പ്രസിഡന്റ്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നാണ് വിശദീകരണം. ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് സാധാരണ നടപടിക്രമം മാത്രമാണ്. മരിച്ച അഭിരാമിയുടെ ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കണമെന്നും പ്രസിഡന്റ് ഗോപി കോട്ടമുറയ്ക്കല്‍ പറഞ്ഞു.

ബോര്‍ഡ് സ്ഥാപിച്ചത് തെറ്റായെന്ന് മന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ബോര്‍ഡ് വയ്ക്കേണ്ടെന്നാണ് മന്ത്രിയുടെ നിലാടെങ്കില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കണം. കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പാലിച്ചേ മുന്നോട്ടുപോകാനാകൂ. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.