കേരളം വിധിയെഴുതാൻ ഇനി 6 നാളുകൾ; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്
കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ഇനി വെറും ആറ് ദിവസങ്ങൾ കൂടി മാത്രം. മുന്നണികളെല്ലാം ഇപ്പോൾ അവസാന വട്ട ആവേശത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണത്തിനെത്തും. യുഡിഎഫിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരത്തെ എത്തിയിരുന്നു. ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തുമാണ് മോദി പങ്കെടുക്കുന്ന പരിപാടികൾ. ചൊവ്വാഴ്ചയോടെ പരസ്യപ്രചാരണം അവസാനിക്കും.
ഭരണം തിരിച്ചുപിടിക്കാൻ ഉറച്ച് യുഡിഎഫ് (UDF) ക്യാമ്പും സജീവമാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി കേരളത്തിൽ വിവിധയിടങ്ങളിൽ പ്രചാരണം നടത്തിക്കഴിഞ്ഞു. പത്ത് വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി.
ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുന്ന എൻഡിഎ (NDA) മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തുമാണ് മോദി പങ്കെടുക്കുന്ന റാലികൾ നടക്കുക. അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖർ നിലവിൽ കേരളത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്. ട്വന്റി 20 പാർട്ടിയുമായുള്ള സഖ്യം ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നും 'എ ക്ലാസ്' മണ്ഡലങ്ങളിൽ ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്.