ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വാഹനങ്ങൾ മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി

 

ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വാഹനങ്ങൾ മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി. അധികാരികളുടെ ആവർത്തിച്ചുള്ള ഉറപ്പുകളും നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത്.

അശ്രദ്ധമായി ഓടിച്ച വാഹനം ഇടിച്ച് സീബ്രാ ക്രോസിങ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ പരാമർശം. 'നമ്മുടെ സമൂഹം ഡ്രൈവിങ് സംസ്‌കാരത്തെ എത്രമാത്രം അശ്രദ്ധമായി കാണുന്നു എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണിത്' കോടതി അഭിപ്രായപ്പെട്ടു.

അശ്രദ്ധമായി ഓടിക്കുമ്പോൾ ഓരോ വാഹനവും 'ഒരു യഥാർത്ഥ കൊലയാളി' ആയി മാറുമെന്ന് കോടതി നിരീക്ഷിച്ചു. ട്രാഫിക് ഐജി നൽകിയ ഉറപ്പുകൾ നിലനിൽക്കെ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ സീബ്രാ ക്രോസിങ്ങുകൾ ഇല്ലാത്തതോ, അശാസ്ത്രീയമായി ഉപയോഗിക്കുന്നതോ മൂലം അപകടങ്ങൾ തുടർക്കഥയാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.

റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല. സീബ്രാ ക്രോസിങ്ങുകളിൽ വഴി തടസ്സപ്പെടുന്ന തരത്തിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നു. ഇതുമൂലം ട്രാഫിക് ലൈറ്റുകൾ അനുകൂലമായിരിക്കുമ്പോൾ പോലും കാൽനടയാത്രക്കാർക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ആവർത്തിച്ച് ഉണ്ടായിട്ടും സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് ലജ്ജാകരമാണ്. കോടതി അഭിപ്രായപ്പെട്ടു.

പ്രസംഗത്തിലൂടെയല്ല, കടുത്ത നടപടികളിലൂടെ മാത്രമേ നല്ല റോഡ് സംസ്‌കാരം ഉണ്ടാക്കാൻ സാധിക്കൂ. പ്രധാന നഗരങ്ങളിലെ എല്ലാ പ്രധാന ജങ്ഷനുകളിലും ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത സീബ്രാ ക്രോസിങുകൾ, വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വേണ്ടി ശരിയായി കൈകാര്യം ചെയ്ത ട്രാഫിക് സിഗ്‌നലുകൾ എന്നിവ ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു.

ജനങ്ങളുടെ ജീവന്റെ കാര്യമായതിനാൽ ഫണ്ടുകളുടെ അപര്യാപ്തത പറഞ്ഞ് ഇക്കാര്യം മാറ്റിവെക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. അന്ന് കേസ് പരിഗണിക്കുമ്പോൾ, ട്രാഫിക് ഐജി, പി ഡബ്ലിയുഡി സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.