മാറിമറിഞ്ഞ ആറ്റിങ്ങൽ; പോസ്റ്റൽ റീ കൗണ്ടിംഗിന് ശേഷം അടൂർ പ്രകാശിന് 684 വോട്ടിന്റെ ജയം

 

ശക്തമായ പോരാട്ടം നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. പോസ്റ്റൽ റീ കൗണ്ടിംഗിന് ശേഷം 684 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശിൻറെ ജയം. അതേസമയം, മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിയമ നടപടികളിലേക്ക് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം.

വർക്കല എംഎൽഎയും സിപിഎം നേതാവുമായ വി ജോയിയെയാണ് അടൂർ പ്രകാശ് തോൽപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂർ പ്രകാശ് നേടിയത്. വി ജോയിയും അടൂർ പ്രകാശും തമ്മിൽ കടുത്ത മത്സരമാണ് ആറ്റിങ്ങലിൽ നടന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 3,28,051 വോട്ടാണ് അടൂർ പ്രകാശിന് നേടാനായത്. വി. ജോയി 3,27,367 വോട്ടും വി മുരളീധരൻ 3,11,779 വോട്ടും നേടി.