കേരളാ പൊലീസെന്ന സമ്മുവാ.. ഡീപ് ഫേയ്ക്ക് തട്ടിപ്പിൽ ആദ്യ അറസ്റ്റ് നടത്തി കേരളാ പൊലീസ്
ഡീപ് ഫേയ്ക്ക് തട്ടിപ്പിൽ ആദ്യ അറസ്റ്റ് നടത്തി കേരളാ പോലീസ്. ഗുജറാത്തിൽ നിന്നായിരുന്നു വ്യാജനെ പിടികൂടിയത്. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇയാള്‍ ഗുജറത്തിലും കര്‍ണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.