ജോലി തേടി ഇനി നാടുവിടേണ്ട; മികച്ച വരുമാനവും തൊഴിലും ഉറപ്പാക്കി സംസ്ഥാന സർക്കാർ

 

ലോകമെമ്പാടും സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച തൊഴിലും വരുമാനവും ഉറപ്പാക്കുന്ന വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നു. ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് വിദേശങ്ങളിലേക്കോ അന്യസംസ്ഥാനങ്ങളിലേക്കോ ചേക്കേറാതെ തന്നെ മാന്യമായ ജീവിതസാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ മേഖലയിൽ 172 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, അധ്യാപനം എന്നീ മേഖലകളിലാണ് ഈ മുന്നേറ്റം പ്രകടമാകുന്നത്.

നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വലിയ കമ്പനികൾ ഇന്ന് കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കുകയാണ്. കൊല്ലം കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ച സോഹോ കോർപ്പറേഷനും പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിച്ച പാർക്കിൽ വരാനിരിക്കുന്ന കെയ്ൻസ് ടെക്നോളജിയും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. കെയ്ൻസ് ടെക്നോളജി പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ ആയിരത്തി അഞ്ഞൂറോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടാതെ, വി-ഗാർഡ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ ഗവേഷണ വികസന കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുന്നത് സാങ്കേതിക വിദഗ്ധർക്ക് വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്. കിൻഫ്രയുടെ വിവിധ പാർക്കുകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഇരുപത്തിയേഴായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.

പരമ്പരാഗത തൊഴിലുകൾക്ക് പുറമെ ആഗോളതലത്തിൽ സാധ്യതയുള്ള അക്കൗണ്ടിംഗ്, ടാക്സേഷൻ തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് പരിശീലനം നൽകാൻ അസാപ് (ASAP), കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനം അമേരിക്കയിലെ നികുതി നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്റേണൽ റവന്യൂ സർവീസിലെ (IRS) എൻറോൾഡ് ഏജന്റാകാനുള്ള പരിശീലനമാണ്. തുടക്കത്തിൽ തന്നെ 4.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയും, ഏതാനും വർഷത്തെ പരിചയത്തിലൂടെ 20 ലക്ഷം രൂപ വരെയും വാർഷിക വരുമാനം ലഭിക്കാവുന്ന ഈ മേഖലയിൽ കേരളത്തിലെ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കാൻ അസാപ് പ്രത്യേക മുൻകൈ എടുക്കുന്നു. അസാപിനൊപ്പം കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐസിടി അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളും നൈപുണ്യ വികസനത്തിന് നേതൃത്വം നൽകുന്നു.

തൊഴിലന്വേഷകർക്കും ദാതാക്കൾക്കുമായി 'വിജ്ഞാനകേരളം' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമും, വിദേശ കമ്പനികളിലെ ജോലി നാട്ടിലിരുന്ന് തന്നെ ചെയ്യാൻ സഹായിക്കുന്ന 'വർക്ക് നിയർ ഹോം' പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഴി അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോളേജുകളിലെ ഇന്നൊവേഷൻ സെന്ററുകൾ (IEDC), ഐഡിയ ഫെസ്റ്റ്, സീഡ് ലോണുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് സാമ്പത്തിക പിന്തുണയും ലഭിക്കുന്നു. സംരംഭകർക്കായി ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും മെന്റർഷിപ്പും ഉറപ്പാക്കുന്നതിലൂടെ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച ഉറപ്പാക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.