കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി

 


കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് എം.പി. കെ.രാധാകൃഷ്ണന്‍. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ആണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും അതില്‍ തന്ത്രിക്ക് ഇടപെടാന്‍ അവകാശമില്ലെന്നുമാണ് മുന്‍ ദേവസ്വം മന്ത്രി കൂടിയായ കെ.രാധാകൃഷ്ണന്‍ എം.പി. അഭിപ്രായപ്പെട്ടത്. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്ത് മാസത്തേക്ക് ദവസ്വം ബോര്‍ഡ് അവിടെ ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും വേണം. അത് നിഷേധിക്കുന്ന നിലപാട് ശരിയല്ല. മനുവാദ സിദ്ധാന്തം വീണ്ടും പുനസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും കെ. രാധാകൃഷ്ണന്‍ എം.പി. ആവശ്യപ്പെട്ടു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നടക്കുന്നതായുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ദേവസ്വം റിക്രൂട്മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയില്‍ പ്രവേശിച്ചത്. വാര്യര്‍ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം ജോലിയില്‍നിന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.