ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടം; ആഭ്യന്തര ഉൽപ്പാദനം 12.49 ലക്ഷം കോടിയിലെത്തി
കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മൂന്നര മടങ്ങോളം വളർച്ച കൈവരിച്ചതായി റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വർഷത്തിൽ 3.64 ലക്ഷം കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (GSDP), 2024-25 വർഷത്തിൽ 12.49 ലക്ഷം കോടി രൂപയായാണ് വർധിച്ചത്. സംസ്ഥാനത്തെ ഉൽപ്പാദന-സേവന മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യം കണക്കിലെടുക്കുമ്പോഴാണ് ഈ വൻ കുതിച്ചുചാട്ടം ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു.
കനത്ത പ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് കേരളം സാമ്പത്തിക സ്ഥിരത കൈവരിച്ചു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-21 കാലയളവിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2019-20-ൽ 8.31 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ഡിപി തൊട്ടടുത്ത വർഷം 7.72 ലക്ഷം കോടിയായി കുറഞ്ഞെങ്കിലും, പിറ്റേ വർഷം തന്നെ 9.24 ലക്ഷം കോടിയായി ഉയർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. 2022-23 വർഷത്തിൽ ഇത് 10.39 ലക്ഷം കോടി രൂപയായും വർധിച്ചു.
കോവിഡ് കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ച ഒരു വർഷം ഒഴിച്ചുനിർത്തിയാൽ, 2011-12 മുതൽ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനം പടിപടിയായി ഉയരുകയാണ് ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സംസ്ഥാനം നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങളും ഈ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകി. നിലവിലെ വളർച്ചാ നിരക്ക് സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.