കഥാന്ത്യത്തിൽ ശശിയേക്കൊണ്ട് ജനങ്ങളല്ലാം 'ശശി'യാകും, അൻവറിന് വിശ്വാസ്യതയില്ലെങ്കിലും പറഞ്ഞത് ഗൗരവമുള്ളത്; കെ.എം.ഷാജി

 

പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കുറച്ചുകാണാൻ പറ്റില്ലെന്ന് കെ.എം.ഷാജി. കേരളീയ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നതിലും ഷാജി സംശയം പ്രകടിപ്പിച്ചു.

'റിപ്പോർട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞു. എസ്.എഫ്.ഐ.ഒ കിണറ്റിൽചാടി ജീവനൊടുക്കിയോ എന്നറിയില്ല പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും അയാൾ ഇപ്പോൾ പറഞ്ഞതിനെ ഗൗരവം കുറച്ചുകാണാൻ പറ്റില്ല', ഷാജി പറഞ്ഞു.

ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അൻവർ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഇവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നാണ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞയാഴ്ച സർക്കാർ മസനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ. കഴിഞ്ഞയാഴ്ച എസ്.പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന ആളാണ് അൻവർ. പരാതി കൊടുത്താൽ തന്റെ ഉത്തരവാദിത്വം തീർന്നു എന്നാണ് അൻവർ ഇപ്പോൾ പറയുന്നതെന്നും ഷാജി പറഞ്ഞു.

'ബേജാറായിട്ടാണ് അൻവർ മുഖ്യമന്ത്രിയുടെ അടുത്ത് പോയി എല്ലാം കോംപ്രമൈസ് ആക്കിയത്. അൻവർ പേടിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. സുജിത് ദാസിനെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് അൻവറിന്റെ കൈയിലുണ്ട്. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിലുമുണ്ട്. എന്നാൽ, അൻവറിനെയും മുഖ്യമന്ത്രിയെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് പി. ശശിയുടെ കൈയിലുണ്ട്. കഥാന്ത്യത്തിൽ ശശിയേക്കൊണ്ട് ജനങ്ങളല്ലാം 'ശശി'യാകും', ഷാജി പറഞ്ഞു.