എൽഡിഎഫ് വാഗ്ദാനം 2500 രൂപ ക്ഷേമപെൻഷൻ: ഇത്തവണയും വർധനയില്ല; അടുത്ത സാമ്പത്തിക വർഷം  നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

 

സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല.  ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അനുകൂല നിലപാടു സ്വീകരിക്കാത്തതിന് കേന്ദ്രസർക്കാരിനു മേൽ പഴി ചാരിയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.

നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ജനുവരിയിലെ പെൻഷൻ കൂടി ചേർ‌ത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ 900 കോടി രൂപയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണ സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിക്കണമെന്ന് എൽഡിഎഫിൽ നിന്നു സമ്മർദം ശക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിക്കുന്ന ബജറ്റായതിനാൽ ക്ഷേമപെൻഷൻ കൂട്ടണമെന്ന ആവശ്യം സിപിഎമ്മിൽ നിന്ന് ഉയർന്നിരുന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വിമർശനം ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇൗ വിമർശനം നേരിടാൻ പെൻഷൻ വർധന കൊണ്ട് ഒരു പരിധി വരെ കഴിയുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.

ക്ഷേമ പെൻഷൻ വിതരണത്തിനായി കുറച്ചെങ്കിലും പണം കണ്ടെത്തുന്നതിനായി ലീറ്ററിനു 2 രൂപ നിരക്കിൽ ഇന്ധന സെസ് ഏർപ്പെടുത്തിയെങ്കിലും ആകെ 750 കോടി രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. ഇതിൽ നിന്ന് ഒരു മാസത്തെ പെൻഷൻ നൽകാൻ പോലും പണം തികയില്ല. 

2021ൽ ഒന്നാം പിണറായി സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1,600 ആക്കിയത്. കെ.എൻ. ബാലഗോപാൽ ഇതുവരെ നാലു ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെൻഷൻ 2,500 രൂപയാക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഇതുവരെ ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.