കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം;  5 ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

 


കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ 5 ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവർക്കും പീഡനത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആർജി ക‌ർ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകർത്ത സംഭവത്തിൽ 9 പേരും അറസ്റ്റിലായി.

കൂട്ടബലാത്സം​ഗത്തിന് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർ ഇരയായിട്ടുണ്ടെന്നും, ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൂട്ട ബലാൽസം​ഗം നടന്നോയെന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് സിബിഐയുടേയും നിർണായക നീക്കം. ആശുപത്രിയിലെ 5 ഡോക്ടർമാരെയാണ് സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ചിലരെ ഇന്ന് തന്നെ ചോദ്യം ചെയ്തേക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി സിബിഐ ഇന്ന് വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും അന്വേഷണ സംഘം പരിശോധന നടത്തി. 

സംഭവത്തിൽ ദുരൂഹത കൂട്ടിക്കൊണ്ടാണ് ആയിരത്തോളം വരുന്ന അക്രമികൾ ഇന്നലെ ആർജി കർ ആശുപത്രി അടിച്ചു തകർത്തത്. ഡോക്ടർമാരുടെ സമരവേദിയും സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും അക്രമികൾ തകർത്തു തരിപ്പണമാക്കി. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സംഘം ഇടപെട്ടില്ലെന്ന് ദൃക്സാക്ഷികൾ പരാതിപ്പെട്ടു.