രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡി.ജി.പിക്ക് കൈമാറി കെ.പി.സി.സി
ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പുതിയ ബലാത്സംഗ പരാതി കെ.പി.സി.സി. (KPCC) സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) കൈമാറി. ബംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയുടെ പരാതിയാണ് ഡി.ജി.പിക്ക് കൈമാറിയതെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാറും അറിയിച്ചു. രാഹുലിനെതിരെ 12.47-നാണ് കെ.പി.സി.സിക്ക് പരാതി ലഭിച്ചതെന്നും, അപ്പോൾ തന്നെ അത് ഡി.ജി.പിക്ക് കൈമാറിയെന്നും അനിൽകുമാർ പ്രതികരിച്ചു. നിയമം നിയമപരമായി നടക്കട്ടെയെന്നും, സ്വർണക്കൊള്ളയിൽ സി.പി.എം. നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കേണ്ടത് സി.പി.എമ്മിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിൻ്റെ ഗൗരവം പരിഗണിച്ച് ഡി.ജി.പിക്ക് അയച്ചുകൊടുത്തതായി കെ. മുരളീധരൻ പറഞ്ഞു. പാർട്ടിയുമായി പോലീസ് സഹകരിക്കും. ആരോപണവിധേയനായ വ്യക്തിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും, അതിനാൽ സംഘടനാപരമായി ഇനി നടപടിയൊന്നും എടുക്കാനാവില്ലെന്നും പരാതി ഡി.ജി.പിക്ക് നൽകിയിട്ടുണ്ടെന്നും കെ.പി.സി.സി. പ്രസിഡൻ്റ് പരാതിക്കാരിയെ അറിയിച്ചു.
ഒരിക്കൽ പുറത്താക്കിയ ആൾക്കെതിരെ പിന്നീട് പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. "പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് കൊടുക്കാനാവുന്ന ശിക്ഷ ഞങ്ങൾ നൽകിയത്," അദ്ദേഹം പറഞ്ഞു. സർക്കാരിന് അതിജീവിതയെ സംരക്ഷിക്കലല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ വിഷയം സജീവമായി നീട്ടിക്കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും മുരളീധരൻ ആരോപിച്ചു. പാർട്ടിയുടെ ഉത്തരവാദിത്തം നിർവഹിച്ചുകഴിഞ്ഞെന്നും, ഇനി ചെയ്യേണ്ടത് പോലീസാണെന്നും, എം.എൽ.എ. എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പോലീസെന്നും അദ്ദേഹം ചോദിച്ചു.