ഖർഗെക്ക് കെപിസിസി ലെറ്റർ ഹെഡിൽ സുധാകരനെ മാറ്റാനായി കത്തയച്ചിട്ടില്ല; വ്യാജ വാർത്തക്കെതിരെ പരാതി നൽകിയെന്ന് സണ്ണി ജോസഫ്
കെപിസിസിയുടെ ഔദ്യോഗിക ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കുമാണ് അദ്ദേഹം പരാതി സമർപ്പിച്ചത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
കണ്ണൂരിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന് വിജയസാധ്യത കുറവാണെന്നും കാട്ടി സണ്ണി ജോസഫ് അയച്ച കത്തെന്ന പേരിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ പ്രചാരണം നടക്കുന്നത്. പരാജയഭീതി കാരണം രാഷ്ട്രീയ എതിരാളികൾ നടത്തുന്ന 'നുണ ബോംബാണിത്' എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നീക്കത്തിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ നിന്ന് ഈ വ്യാജ സന്ദേശം ഉടനടി നീക്കം ചെയ്യണമെന്നും സണ്ണി ജോസഫ് തന്റെ പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ കണ്ണൂരിലെ യുഡിഎഫ് ക്യാമ്പുകളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ വ്യാജ പ്രചാരണമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.