കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: സച്ചിൻ ദേവിനും ആര്യ രാജേന്ദ്രനും കോടതി നോട്ടീസ്

 

തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ സച്ചിൻ ദേവിനും മുൻ മേയർ ആര്യ രാജേന്ദ്രനും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ബസ് ഡ്രൈവർ യദു സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഈ നടപടി. കേസിൽ നിന്ന് ഇരുവരെയും ഒഴിവാക്കിക്കൊണ്ട് പോലീസ് സമർപ്പിച്ച കുറ്റപത്രത്തെ ചോദ്യം ചെയ്താണ് യദു കോടതിയെ സമീപിച്ചത്.

നേരത്തെ, മേയറും എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചതിനോ ബസിൽ അതിക്രമിച്ചു കയറിയതിനോ തെളിവുകളില്ലെന്ന് കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബസിന്റെ ഓട്ടോമാറ്റിക് വാതിൽ യദു തന്നെയാണ് തുറന്നു നൽകിയതെന്നും പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അന്വേഷണ പുരോഗതിയിൽ കോടതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കിലും, യദുവിന്റെ ഹർജികൾ വെറും മാധ്യമശ്രദ്ധ നേടാൻ വേണ്ടിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ കുറ്റപത്രത്തിൽ തൃപ്തനല്ലാത്ത യദുവിന്റെ ഹർജി പരിഗണിച്ചാണ് ഇപ്പോൾ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.